Friday, 23 May 2014


   ജൂലൈയില്‍ എത്തും ഹോണ്ട മൊബിലിയൊ



വാഹന വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് വിവിധാേദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊയുടെ ഇന്ത്യയിലെ അരങ്ങേറ്റം ജൂലൈയില്‍ നടത്തുമെന്ന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്സ്. ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഓട്ടോ എക്സ്‌പോയിലാണു ഹോണ്ട ഏഴു സീറ്റുള്ള ‘മൊബിലിയൊ അനാവതരണം ചെയ്തത്.

ഹാച്ച്ബാക്കായ ‘ബ്രയോയുടെ പ്ളാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ‘മൊബിലിയൊയിലൂടെ ഇന്ത്യ എം പി വി വിപണിയില്‍ നേട്ടം കൊയ്‌യാനാവുമെന്ന പ്രതീക്ഷയിലാണു ഹോണ്ട.

ജൂലൈയില്‍ ‘മൊബിലിയൊ വില്‍പ്പനയ്‌ക്കെത്തുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്‍റ്(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ജ്ഞാനേശ്വര്‍ സെന്‍ ആണു സ്ഥിരീകരിച്ചത്. എന്നാല്‍ വാഹനത്തിന്‍റെ വില സംബന്ധിച്ച സൂചനകള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല. എങ്കിലും ആകര്‍ഷക പാക്കേജിങ്ങും മത്സരക്ഷമമായ വിലയും ‘മൊബിലിയൊയുടെ കരുത്താകുമെന്ന് സെന്‍ അഭിപ്രായപ്പെട്ടു. ‘മൊബിലിയൊയുടെ വരവ് ഇന്ത്യയിലെ എം പി വി വിപണിക്ക് ഉണര്‍വേകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വാഹന വിപണിയിലെ മൊത്തത്തില്‍ ഗ്രസിച്ച മാന്ദ്യം ഇന്ത്യയിലെ എം പി വി വില്‍പ്പനയ്ക്കും തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. 2013 - 14ലെ വില്‍പ്പനയില്‍ 15 ശതമാനത്തോളം ഈ വിഭാഗത്തില്‍ നേരിട്ട ഇടിവ്. എം പി വി വിപണിയെ നയിക്കുന്ന ടൊയോട്ട ‘ഇന്നോവയുടെ വില്‍പ്പനയില്‍ 28% ഇടിവു നേരിട്ടപ്പോള്‍ എതിരാളികളായ മാരുതി സുസുക്കി ‘എര്‍ട്ടിഗയുടെ വില്‍പ്പനയിലും 22% കുറവ് രേഖപ്പെടുത്തി.

അതേസമയം തിരിച്ചടികള്‍ക്കിടയിലും എം പി വി വിപണിയില്‍ കാര്യമായ സാധ്യതകളുണ്ടെന്ന കണക്കുകൂട്ടലിലാണു സെന്‍. നിലവില്‍ പ്രതിമാസം 10,000 - 12,000 യൂണിറ്റാണ് എം പി വി വിഭാഗത്തിന്‍റെ വില്‍പ്പന. പ്രതിവര്‍ഷം 1.50 ലക്ഷത്തോളം യൂണിറ്റിലെത്തുന്നതിനാല്‍ എം പി വിയെ ചെറുതായി കാണാനാവിലെ്ലന്നും അദ്ദേഹം വിശദീകരിക്കുന്നു. 2012 - 13 വരെ മികച്ച വളര്‍ച്ച കൈവരിച്ച ശേഷമാണു കഴിഞ്ഞ സാന്പത്തിക വര്‍ഷം എം പി വി വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടതെന്നും സെന്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ ‘ഒഡീസി, ‘ഫ്രീഡ് തുടങ്ങിയവയാണ് എം പി വി വിപണിയില്‍ ഹോണ്ടയ്ക്കായി പട നയിക്കുന്നത്. അതേസമയം ‘മൊബിലിയൊയെ വാണിജ്യ വാഹനത്തിനു പകരം ഇന്ത്യയിലെ വലിയ കുടുംബങ്ങള്‍ക്കുള്ള കാര്‍ ആയിട്ടാവും ഹോണ്ട അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ എം പി വിയിലുപരി സെഡാനും എസ് യു വിയും തേടി പോകുന്ന വലിയ കുടുംബങ്ങളെയും ‘മൊബിലിയൊയിലേക്ക് ആകര്‍ഷിക്കാനാണു ഹോണ്ടയുടെ പദ്ധതിയെന്നു സെന്‍ വെളിപ്പെടുത്തുന്നു.

പെട്രോളിനൊപ്പം ഡീസല്‍ എന്‍ജിന്‍ സഹിതവും ‘മൊബിലിയൊ വില്‍പ്പനയ്ക്കുണ്ടാവും. ഇടത്തരം സെഡാനായ ‘അമെയ്സിനും പുതിയ തലമുറ ‘സിറ്റിക്കും ലഭിച്ച ഉജ്വല വരവേല്‍പ്പിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ മികച്ച വില്‍പ്പന കൈവരിച്ചു മുന്നേറുകയാണു ഹോണ്ട. അനുകൂല സാഹചര്യം മുതലെടുക്കാന്‍ ‘മൊബിലിയൊയ്ക്കു പിന്നാലെ അടുത്ത വര്‍ഷം പുത്തന്‍ ‘ജാസ് കൂടി അവതരിപ്പിക്കാനും കന്പനി ഒരുങ്ങുന്നുണ്ട്. 

No comments:

Post a Comment