Tuesday, 20 May 2014

            ദിലീപും ഇംഗ്ലിഷും വിംഗ്ലിഷും





ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന യുവതി. തന്‍റേതായ ആ ലോകത്തില്‍ അവള്‍ സംതൃപ്തയാണ്. എന്നാല്‍ ഭര്‍ത്താവിനു തന്‍റെ ഭാര്യയെക്കുറിചേ്ചാ മകള്‍ക്ക് തന്‍റെ അമ്മയെക്കുറിചേ്ചാ പറഞ്ഞ് അഭിമാനിക്കാന്‍ തക്കതായി യാതൊന്നുമില്ല. മാത്രവുമല്ല പലപ്പോഴും അവള്‍ കാരണം അവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുകയും ചെയ്‌യുന്നുണ്ട്. എന്നിരുന്നാലും ഒടുക്കം അവള്‍ എല്ലാം തിരിച്ചു പിടിക്കും, വിജയിക്കും. 

ഹിന്ദിയില്‍ നടി ശ്രീദേവിയുടെ തിരിച്ചു വരവിനു കാരണമായ ഇംഗ്ളിഷ് വിംഗ്ളിഷ് എന്ന ചിത്രത്തെ ഏതാനും വാക്കുകളില്‍ ഇങ്ങിനെ കുറിയ്ക്കാം. തന്നെ ഇടിച്ചു താഴ്ത്തിയ അച്ഛനും മകള്‍ക്കുമുള്ള സഷി എന്ന യുവതിയുടെ മറുപടിയാണ് ഇംഗ്ളിഷ് വിംഗ്ളിഷിന്‍റെ ക്ലൈമാക്സ് നിശ്ചയിക്കുന്നത്. കുറേ നാളുകള്‍ക്കു ശേഷം ആ ചിത്രം വീണ്ടുമോര്‍ത്തു. ഹൗ ഓള്‍ഡ് ആര്‍ യു കണ്ടപ്പോള്‍. എന്നു കരുതി ചിത്രം ഇംഗ്ളിഷ് വിംഗ്ളിഷിന്‍റെ പകര്‍പ്പൊന്നുമല്ല. (ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മഞ്ജുവിന്‍റെ സാരിയും ഡയലോഗുമെല്ലാം കണ്ട പലരും ഇതിനൊരു ഇംഗ്ളിഷ് വിംഗ്ളിഷ് ടച്ചുണ്ടല്ലോയെന്ന് സംശയിച്ചിരുന്നതുമാണ്.) 

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ കയെ്‌യാപ്പ് പതിഞ്ഞ, ബോബി_സഞ്ജയ് എന്ന നല്ല തിരക്കഥാകൃത്തുക്കളുടെ പ്രതിഭ വീണ്ടും തെളിയിക്കുന്ന നല്ല നാടന്‍ ‘മലയാളി ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. വര്‍ഷങ്ങള്‍ക്കു ശേഷം തിരിചെ്ചത്തിയ ശ്രീദേവിയ്ക്കും മഞ്ജുവാര്യര്‍ക്കും സിനിമയിലെ കുടുംബത്തില്‍ നിന്നു നേരിടേണ്ടി വരുന്നത് ഒരേ പ്രശ്നങ്ങളായിപ്പോയത് സ്വാഭാവികം മാത്രം. എന്നാല്‍ അവര്‍ അതിനെ നേരിടുന്ന രീതികളിലാണ് ചിത്രം വ്യത്യസ്തമാകുന്നത്. ബോബി_സഞ്ജയ് മികച്ച തിരക്കഥ കൊണ്ട് ഹൗ ഓള്‍ഡ് ആര്‍ യുവിനെ ഇംഗ്ളിഷ് വിംഗ്ളിഷിന്‍റെ നിഴലില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്. 

മാത്രവുമല്ല മഞ്ജുവാര്യര്‍ ദാന്പത്യജീവിതം വഴിപിരിഞ്ഞ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൗ ഓള്‍ഡ് ആര്‍ യുവിനുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കാകട്ടെ മഞ്ജുവിന്‍റെ യഥാര്‍ഥ ജീവിതവുമായി നല്ല സാമ്യവും. അതുകൊണ്ടു തന്നെയാണ് യൂട്യൂബിലെത്തിയ ചിത്രത്തിന്‍റെ ട്രെയിലറില്‍ ‘രാജീവ് എനിയ്ക്കുമുണ്ട് സ്വപ്നങ്ങള്‍ എന്ന് മഞ്ജുവാര്യര്‍ പറഞ്ഞപ്പോള്‍ ‘ഇത് ദിലീപിനെ ഉദ്ദേശിച്ചാണ്, ദിലീപിനെ മാത്രം ഉദ്ദേശിച്ചാണ് എന്നും ‘ദിലീപും മഞ്ജുവും അങ്ങോട്ടുമിങ്ങോട്ടും ഡയലോഗടിച്ചുള്ള പ്രകടനമാണല്ലേ എന്നുമൊക്കെ പലരും കമന്‍റിട്ടത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ മഞ്ജുവിനിട്ട് ദിലീപ് കൊട്ടുകയാണെന്ന വാര്‍ത്തയുണ്ടാക്കിയ പുകില്‍ ചില്ലറയല്ല. അങ്ങിനെ നോക്കുന്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ നിറയെ ദിലീപിനും മകള്‍ക്കുമുള്ള മറുപടിയാണെന്നും പറയാതെ വയ്‌യ. വീട്ടിനുള്ളില്‍ ഭര്‍ത്താവിന്‍റെയും മകളുടെയും കാര്യങ്ങള്‍ നോക്കിയിരുന്ന യുവതി ഒരു നാള്‍ ഒറ്റപ്പെടുകയാണ്. ഒരു തിരിച്ചുവരവിന് അവള്‍ കൊതിയ്ക്കുന്നുണ്ട്. 

എന്നാല്‍ അവിടെയും വീണ്ടും ഭര്‍ത്താവും മകളും തടസ്സം വരുന്നു. ‘നിങ്ങളുടെ ജീവിതത്തിനു വേണ്ടി ഞാനെന്‍റെ സ്വപ്നങ്ങള്‍ വേണ്ടെന്നു വച്ചു. ഇപ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ വരുന്പോഴോ...? എന്നൊക്കെ മഞ്ജുവിന്‍റെ കഥാപാത്രമായ നിരുപമ ഭര്‍ത്താവ് രാജീവിനോട് ചോദിക്കുന്പോള്‍ കണ്‍ഫ്യൂഷനിലാകുന്നത് പ്രേക്ഷകനാണ്. നിരുപമ രാജീവ് എന്ന യുവതി മഹാമടിച്ചിയായ വെറും വീട്ടമ്മയായിരിക്കുകയും നിരുപമ കൃഷ്ണന്‍ എന്ന ഭൂതകാലത്തിലെ കോളജ്‌പെണ്‍കുട്ടി മഹാസംഭവം കൂടിയാകുകയും ചെയ്‌യുന്പോള്‍ കണ്‍ഫ്യൂഷന്‍ പിന്നെയും ഇരട്ടിക്കുകയാണ്.  

റിങ് മാസ്റ്ററില്‍ ദിലീപ് മഞ്ജുവിനെ മാത്രം വിമര്‍ശിചെ്ചന്നായിരുന്നു പരാതി. അതേ ആംഗിളില്‍ നോക്കിയാല്‍ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ദിലീപിനും മകള്‍ക്കുമുണ്ട് മഞ്ജുവിന്‍റെ ഉപദേശങ്ങള്‍ ഏറെ. ഇവരിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഡയലോഗടിച്ച് എത്രകാലം മുന്നോട്ടു പോകുമെന്ന പ്രേക്ഷകന്‍റെ സംശയവും അതുകൊണ്ടാണ്. 

പക്ഷേ സിനിമയെ സിനിമയായി കാണുന്നവര്‍ക്ക് സ്വസ്ഥമായി കാണാവുന്ന ചിത്രമാണ് റിങ് മാസ്റ്ററും ഹൗ ഓള്‍ഡ് ആര്‍ യുവും. ഒരു ചിത്രം കുടുംബപ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച് രസിപ്പിക്കും. മറ്റൊന്ന് ജീവിക്കാനും വിജയിക്കാനുമുള്ള വല്ലാത്തൊരു ഇന്‍സ്പിരേഷന്‍ പകര്‍ന്നു തരുന്ന ചിത്രവും.

No comments:

Post a Comment